ന്യൂദല്‍ഹി- ദല്‍ഹി രോഹിണിയിലെ ഒരു കോടതി മുറിക്കുള്ളില്‍ ഉണ്ടായ വെടിവെപ്പില്‍ വലിയ ആശങ്കയുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. വലിയ സുരക്ഷാ സന്നാഹങ്ങളുള്ള കോടതിയിലുണ്ടായ സംഭവം സുരക്ഷയെ സംബന്ധിച്ച് ഗൗരവമേറിയ സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലുമായി ജസ്റ്റിസ് രമണ വിഷയം ചര്‍ച്ച ചെയ്തു. സംഭവം നടന്ന കോടതി പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പോലീസുമായും ബാര്‍ അസോസിയേഷനുമായും സംസാരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. വെടിവെപ്പ് നടന്ന രോഹിണി കോടതി ശനിയാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു.
ജാര്‍ഖണ്ഡില്‍ കഴിഞ്ഞ മാസം ഒരു ജഡ്ജിയെ വാഹനിമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോടതികളിലേയും ജഡ്ജിമാരുടേയും സുരക്ഷ സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കെയാണ് വെള്ളിയാഴ്ച്ചത്തെ സംഭവം. അഭിഭാഷകരുടെ വേഷമണിഞ്ഞെത്തിയ തോക്കു ധാരികളാണ് രോഹിണി കോടതിയില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയെ വെടിവച്ചു കൊന്നത്. സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് തോക്കുധാരികളും കൊല്ലപ്പെട്ടു.