ന്യൂദല്‍ഹി- രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വരുന്ന മുന്‍ ഉപ മുഖ്യമന്ത്രി സചിന്‍ പൈലറ്റ് വീണ്ടും രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കണ്ട് ചര്‍ച്ച നടത്തി. പഞ്ചാബിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരില്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സചിന്‍ രാഹുലിനെ കാണുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പാര്‍ട്ടിയുടെ ചുമതല സചിന്‍ ഏറ്റെടുക്കണമെന്നാണ് രാഹുലും പ്രിയങ്കയും ആവശ്യപ്പെടുന്നത്. സചിന്‍ ആവശ്യപ്പെടുന്ന രാജസ്ഥാനിലെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ശേഷം സചിന് ഗുജറാത്തിന്റെ ചുമതല നല്‍കാനാണ് രാഹുലിന്റെ നീക്കം. ഇക്കാര്യത്തില്‍ സചിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല. സചിന്‍ ഇപ്പോഴും രാജസ്ഥാന്റെ കാര്യത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. തന്നെ പിന്തുണയ്ക്കു നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം രാജസ്ഥാനിലെ മാറ്റം വൈകിപ്പിക്കാനാണ് രാഹുലിന്റെ നീക്കമെന്നും റിപോര്‍ട്ടുണ്ട്. 45 മിനിറ്റ് നീണ്ട ചര്‍ച്ചയാണ് വെള്ളിയാഴ്ച വൈകീട്ട് നടന്നത്. പഞ്ചാബിലേതു പോലെ രാജസ്ഥാനിലും മാറ്റം വേണമെന്നാണ് സചിന്റെ ആവശ്യം. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ക്ക് മുമ്പ് ഈ ആവശ്യം ഉന്നയിച്ച് വിമത ശബ്ദം ഉയര്‍ത്തിയതും സചിന്‍ ആയിരുന്നു.
അതേസമയം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല 44കാരനായ സചിന്‍ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെള്ളംകുടിപ്പിച്ച സചിന്‍ തന്റെ രാജസ്ഥാനിലെ രാഷ്ട്രീയ അഭിലാഷങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. സചിനുമായി അടുപ്പമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യത്തോട് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ സചിന്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ഗെലോട്ടുമായുള്ള പോര് രൂക്ഷമായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി പദവി രാജിവച്ച് സചിന്‍ വിമത ശബ്ദമുയര്‍ത്തി പാര്‍ട്ടി നേതൃത്വവുമായി കലഹിച്ചിരുന്നു.
2018ല്‍ തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ രണ്ടു തവണ മുഖ്യമന്ത്രിയായ ഗെലോട്ടിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കിയതില്‍ സചിന്‍ പൈലറ്റിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി മാറിയ അദ്ദേഹവും മുഖ്യമന്ത്രി പദവി പ്രതീക്ഷിച്ചിരുന്നു. 2013ലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വന്നത് സചിന്‍ പൈലറ്റാണ്. എന്നാല്‍ അര്‍ഹിക്കുന്ന പദവി അദ്ദേഹത്തിന് നല്‍കിയില്ലെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.