കൊച്ചി- ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തി എന്ന പരാതിയില്‍ ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. അഭിഭാഷകനായ മന്‍സൂര്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പി.സി ജോര്‍ജും ക്രൈം നന്ദകുമാറും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പരാതിക്കാധാരം. ഇതിന്റെ ഓഡിയോ നന്ദകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കിയിരുന്നു. മന്ത്രി വീണ ജോര്‍ജിനെതിരെ മോശമായാണ് ഇതില്‍ സംസാരിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ്.
ഓഡിയോ പരിശോധിച്ച ഡിജിപി കേസെടുക്കാന്‍ എറണാകുളം നോര്‍ത്ത് പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്ത് കോവിഡ് രോഗ ബാധിതര്‍ കൂടി വരുന്ന സാഹചര്യത്തില്‍ വീണ ജോര്‍ജിനെ കുറ്റപ്പെടുത്തി പി.സി ജോര്‍ജ് സംസാരിച്ചിരുന്നു. മന്ത്രി വീണക്ക് സിനിമാ നടിയാകാനാണ് യോഗ്യതയെന്നും പറഞ്ഞു.
നേരത്തെ പിസി ജോര്‍ജിനെതിരെ കുറുവിലങ്ങാട് പോലീസ് കേസെടുത്തിരുന്നു. കന്യാസ്ത്രീയെ അധിപേക്ഷിച്ച് സംസാരിച്ചതിനായിരുന്നു ഇത്. പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ മോശമാക്കി ചിത്രീകരിക്കുകയായിരുന്നു. 12 തവണ പീഡനത്തിന് ഇരയായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ട് എന്നായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.