പട്‌ന- നാട്ടുകാരിയായ ഒരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചിത്ര ശിക്ഷയും വിധിച്ചു. ആറു മാസം നാട്ടിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ സൗജന്യമായി അലക്കി തേച്ച് നല്‍കുക! ബിഹാറിലെ മധുബനിയിലെ ഒരു കോടതിയുടേതാണ് ഉത്തരവ്. അലക്കു ജോലി ചെയ്യുന്ന 20കാരന്‍ പ്രതി ലലന്‍ കുമാര്‍ സഫിയ്ക്കാണ് ഈ അസാധാരണ ഉപാധിയോടെ ജഡ്ജി അവിനാഷ് കുമാര്‍ കേസില്‍ ജാമ്യം അനുവദിച്ചത്. ആറു മാസം സ്ത്രീകളുടെ വസ്ത്രങ്ങള്‍ സൗജന്യമായി അലക്കിത്തേച്ചതിനുള്ള ഗ്രാമമുഖ്യന്റെ സാക്ഷ്യപത്രവും പ്രതി കോടതിയില്‍ ഹാജരാക്കണം.
പ്രതിക്ക് 20 വയസ്സ് മാത്രമെ ഉള്ളൂവെന്ന് മാപ്പു നല്‍കണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രതി ചെയ്യുന്ന ജോലി ചെയ്ത് സൗജന്യ സാമൂഹ്യ സേവനത്തിനു പ്രതി തയാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതു കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇതോടൊപ്പം ജാമ്യത്തുക കെട്ടിവെക്കാനും കോടതി ഉത്തരിവിട്ടു.
കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസ് തീര്‍പ്പാക്കാന്‍ ഇരുകക്ഷികളും ശ്രമിക്കുന്നുമുണ്ട്. ജന്‍ജര്‍പൂര്‍ എഡിജെ ആയ അവിനാഷ് കുമാര്‍ നേരത്തേയും ഇതുപോലെ വിചിത്ര ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് സ്‌കൂള്‍ തുറന്നതിന് ഗ്രാമത്തിലെ എല്ലാ കുട്ടികളേയും സൗജന്യമായി പഠിപ്പിക്കാന്‍ ഒരു അധ്യാപകനോട് നേരത്തെ ഉത്തരവിട്ടിരുന്നു.