തിരുവനന്തപുരം- പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്കുപോലും ഇഷ്ടവിഷയവും സ്കൂളും ലഭിച്ചില്ല. പത്താംക്ലാസില്‍ എ പ്ലസ് ലഭിച്ചവരുടെ എണ്ണം കൂടുതലായതിനാല്‍ പലര്‍ക്കും സ്വന്തം സ്കൂളില്‍പ്പോലും പ്രവേശനം ലഭിക്കില്ലെന്നതാണ് സ്ഥിതി.
1,21,318 വിദ്യാര്‍ഥികള്‍ക്കാണ് ഇക്കുറി പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. മുന്‍വര്‍ഷം ഇത് 41,906 ആയിരുന്നു. 79,412 കുട്ടികളുടെ വര്‍ധന മുഴുവന്‍ എ പഌ് നേടിയവരില്‍ മാത്രമുണ്ടായി. 4,19,651 വിദ്യാര്‍ഥികള്‍ ഇക്കുറി ഉപരിപഠനത്തിനു യോഗ്യത നേടി.
സ്വന്തം സ്കൂള്‍, സ്വന്തം തദ്ദേശസ്ഥാപനം തുടങ്ങിയ മാനദണ്ഡങ്ങളുടെകൂടി അടിസ്ഥാനത്തില്‍ മുന്‍ഗണന വന്നതോടെയാണ് അപേക്ഷകരില്‍ പലര്‍ക്കും ഇഷ്ടസ്കൂള്‍ ലഭിക്കാതെ വന്നത്.
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച വെബ്സൈറ്റ് മന്ദഗതിയില്‍ തുടരുന്നതുകാരണം പല സ്കൂളുകളിലും വ്യാഴാഴ്ച പ്രവേശന നടപടികള്‍ വൈകി.
സീറ്റ് ഒഴിവില്ലാതായതോടെ സി.ബി.എസ്.ഇ. അടക്കം മറ്റു സിലബസുകളില്‍നിന്നുള്ള അപേക്ഷകരും ആശങ്കയിലാണ്. സാധാരണ രണ്ട് അലോട്ട്മെന്റുകള്‍ക്കുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് നടത്തുന്ന സപ്ലിമെന്ററി അലോട്ട്മെന്റിലാണ് ഇവര്‍ പരിഗണിക്കപ്പെടുക. പ്ലസ് വണിന് സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ അധിക ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു കുട്ടിക്കുപോലും പഠനം നഷ്ടപ്പെടാത്തവിധം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കുന്നുമുണ്ട്. അണ് എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒഴിവുവരുന്ന സംവരണ സീറ്റുകള്‍ മെറിറ്റിലേക്കു മാറ്റും.
ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബര്‍ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബര്‍ ഒന്നിനും പൂര്‍ത്തീകരിച്ച് രണ്ടാം അലോട്ട്മെന്റ് ഒക്ടോബര്‍ ഏഴിനു പ്രസിദ്ധീകരിക്കും. 20 ശതമാനം മാര്‍ജിനല്‍ വര്‍ധനയിലൂടെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ട സീറ്റുകള്‍ ലഭ്യമാകുമെന്നാണു കരുതുന്നത്. എന്നാലും, മുഖ്യഘട്ട പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം സ്ഥിതി പരിശോധിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.