ലണ്ടന്‍- കോവിഡ് വകഭേദം ഇനി മാരകമാകില്ലെന്നും ഭീഷണി കുറയുകയാണെന്നും ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സൃഷ്ടിച്ച ശാസ്ത്രജ്ഞ. കോവിഡ് കൂടുതല്‍ മാരകമായ വേരിയന്റായി രൂപമാറ്റം വരാനുള്ള സാധ്യത കുറവാണെന്നാണ് വാക്‌സിന്‍ ഉപജ്ഞാതാവായ പ്രൊഫസര്‍ ഡെയിം സാറാ ഗില്‍ബെര്‍ട്ട് വ്യക്തമാക്കുന്നത്. വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സ്ഥിതിയ്ക്ക് ഇത് സാധാരണ ജലദോഷം മാത്രം നല്‍കുന്ന വൈറസായി മാറുമെന്നാണ് നിരീക്ഷണം. ഇമ്മ്യൂണിറ്റിയെ തകിടം മറിച്ച് രോഗം സൃഷ്ടിക്കുന്ന വൈറസായി തുടരാന്‍ വൈറസിന് ഒരുപാട് വഴികളൊന്നും പോകാനില്ലെന്നാണ് പ്രൊഫ. ഗില്‍ബെര്‍ട്ടിന്റെ വാക്കുകള്‍. ജനസംഖ്യയില്‍ പ്രചരിച്ച് കഴിഞ്ഞാല്‍ വൈറസുകളുടെ വ്യാപനശേഷി കുറയുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ സാര്‍സ്‌കൊവ്2 കൂടുതല്‍ വ്യാപിക്കുന്ന വേര്‍ഷന്‍ സൃഷ്ടിക്കുമെന്ന് കരുതാന്‍ കാരണങ്ങളില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് വൈറസുകളെ പോലെ കൊറോണാ സാധാരണ ജലദോഷം മാത്രമാണ് സൃഷ്ടിക്കുകയെന്നും സാറാ പറഞ്ഞു.
നാല് വ്യത്യസ്ത ഹ്യൂമന്‍ കൊറോണ വൈറസുകള്‍ക്കൊപ്പമാണ് നമ്മള്‍ ജീവിക്കുന്നത്. അതേക്കുറിച്ച് നമ്മള്‍ അധികം ചിന്തിക്കാറില്ല. ഇതുപോലെ സാര്‍സ്‌കൊവ്2വും അതിലൊന്നായി മാറും', റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ സെമിനാറില്‍ പ്രൊഫസര്‍ സാറാ വ്യക്തമാക്കി. ആ ഘട്ടത്തിലേക്ക് എത്താന്‍ എത്ര സമയം വേണ്ടിവരുമെന്നും, ഇതിനിടയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നതും മാത്രമാണ് ചോദ്യം, അവര്‍ കൂട്ടിച്ചേര്‍ത്തു. ആസ്ട്രാസെനെക കൊവിഡ്19 വാക്‌സിന്‍ സൃഷ്ടിച്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ജെന്നെര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘത്തെ നയിച്ചത് ഈ 59കാരിയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്ത വാക്‌സിനാണ് ഓക്‌സ്‌ഫോര്‍ഡിന്റേത്.