Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊന്നുവെന്ന് യുവാവിനെ കൊണ്ട് കുറ്റസമ്മതം നടത്തിച്ചു, തൂക്കിലേറ്റുന്നതിന് മുമ്പ് യുവതി ജീവനോടെ

ബഗ്ദാദ്- ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ശേഷം അവശിഷ്ടങ്ങള്‍ നദിയില്‍ ഉപേക്ഷിച്ചെന്ന് കുറ്റസമ്മതം നടത്തിയ ഇറാഖി യുവാവിനെ തൂക്കിലേറ്റുന്നതിനു മുമ്പ് ഭാര്യ ജീവനോടെ പ്രത്യക്ഷപ്പെട്ടത് ഇറാഖില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ കടുത്ത രോഷം ഉയരാന്‍ ഇടയാക്കി.
ബാലിലോണ്‍ പ്രവിശ്യ നിവാസിയായ അലി അല്‍ജബൂരിയാണ് ഭാര്യയെ താന്‍ കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ ശേഷം അവശിഷ്ടങ്ങള്‍ നദിയില്‍ ഒഴുക്കിയതായി കുറ്റസമ്മതം നടത്തിയത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി യുവാവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിനു അല്‍പ സമയം മുമ്പ് ഭാര്യ ജീവനോടെ പ്രത്യക്ഷപ്പെട്ടത് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുകയായിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/09/23/p2iraq.jpg
സംഭവത്തില്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ അലി അല്‍ജബൂരിയുടെ ഭാര്യയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയെ കാണാതായതായി അലി തന്നെയാണ് ആദ്യം പോലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടത്. എന്നാല്‍ പരാതി പറയാനെത്തിയ അലിയെ പോലീസ് അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയുടെ തിരോധാനത്തിനു പിന്നില്‍ അലി അല്‍ജബൂരിയാണെന്നും യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തു.  വൈകാതെ ടി.വി ചാനലില്‍ പ്രത്യക്ഷപ്പെട്ട അലി അല്‍ജബൂരി താന്‍ കുറ്റവാളിയാണെന്ന് സമ്മതിക്കുകയും ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ ശേഷം അവശിഷ്ടങ്ങള്‍ നദിയിലേക്ക് എറിയുകയായിരുന്നെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതിനും പുറമെ, താന്‍ കൊലപാതകം നടത്തിയ രീതിയും അഗ്നിക്കിരയാക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ നദിയില്‍ എറിഞ്ഞതുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അലി അല്‍ജബൂരി അഭിനയിച്ചു കാണിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളെല്ലാം രാജ്യത്ത് പ്രചരിച്ചിരുന്നു.
വിചാരണ പൂര്‍ത്തിയാക്കി കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഭാര്യ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അലിയെ അന്വേഷണ ഏജന്‍സികള്‍ വിട്ടയച്ചു. കടുത്ത പീഡനങ്ങളെ തുടര്‍ന്ന് ചെയ്യാത്ത കുറ്റം അലി സമ്മതിക്കുകയായിരുന്നെന്ന് വ്യക്തമായി.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹമോ കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തുകയോ മറ്റു തെളിവുകള്‍ ലഭിക്കുകയോ ചെയ്യാതിരുന്നിട്ടും കേസന്വേഷണം പൂര്‍ത്തിയാക്കി അലിയുടെ മേല്‍ കുറ്റം ചുമത്തുകയും ടി.വിക്കു മുന്നില്‍ കുറ്റസമ്മതം നടത്തിപ്പിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അലി കുറ്റക്കാരനാണെന്ന് വിധിയെഴുതി വധശിക്ഷ വിധിച്ചതെന്ന് ഇവര്‍ ആരായുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടികള്‍ സ്വീകരിച്ചതായി ബാബിലോണ്‍ ഗവര്‍ണറേറ്റ് പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും കസ്റ്റഡിയിലെടുക്കപ്പെട്ട യുവാവ് പീഡനങ്ങള്‍ക്ക് ഇരയായോ എന്ന കാര്യം പരിശോധിക്കാനും നടപടികള്‍ സ്വീകരിച്ചതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ദമ്പതികള്‍ക്കിടയിലുണ്ടായ കുടുംബ പ്രശ്‌നങ്ങളാകും ഭര്‍തൃഗൃഹത്തില്‍ നിന്ന് ഒളിച്ചോടാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ബാബിലോണ്‍ ഗവര്‍ണര്‍ ഹസന്‍ മിന്ദീല്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമിയും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാനും യാതൊരു തെളിവുകളുമില്ലാതെ യുവാവിനു മേല്‍ കൊലപാതക കുറ്റം ആരോപിച്ചതില്‍ പങ്കുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്താനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News