റാഞ്ചി- ജാർഖണ്ഡിൽ പ്രഭാതസവാരിക്കിടെ ജില്ലാ ജഡ്ജ് ഉത്തം ആനന്ദ് ഓട്ടോ ഇടിച്ചുമരിച്ച സംഭവം ഗൂഢാലോചനയെന്ന് സി.ബി.ഐ. ജഡ്ജിയുടേത് അപകട മരണമല്ലെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രതികൾ മനഃപൂർവ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞു. മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ച രണ്ടുപേരുടെ നേതൃത്വത്തിൽ ഉത്തം ആനന്ദിനെ ബോധപൂർവ്വം ലക്ഷ്യമിട്ട് കൊല്ലുകയായിരുന്നെന്നാണ് സി.ബി.ഐ പറഞ്ഞത്.
കുറ്റകൃത്യത്തിന്റെ വിശകലനവും സി.സി.ടി.വി ഫൂട്ടേജുകളും ലഭ്യമായ ഫോറൻസിക് തെളിവുകളും പരിശോധിച്ച ശേഷമാണ് സി.ബി.ഐ കണ്ടെത്തൽ. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഏജൻസി അറിയിച്ചു. ജൂലായിലാണ് ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്.
വീടിന് അര കിലോമീറ്റർ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നത്. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവർ ലഖൻ കുമാർ വർമ, രാഹുൽ വർമ എന്നിവർ പിടിയിലാണ്.