അഗര്‍ത്തല- ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രനെന്ന ഖ്യാതിയുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അഞ്ചു തവണ സംസ്ഥാനം ഭരിച്ചപ്പോള്‍ അതിലേറെ ദരിദ്രനായെന്ന് പുതിയ കണക്കുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ധന്‍പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന മണിക് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ സമ്പാദ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. ജനുവരി 20 വരെ വെറും 1520 രൂപയാണ് പണമായി കയ്യിലുള്ളത്. ബാങ്കിലുള്ള നിക്ഷേപം വെറും 2410.16 രൂപയും. 2013 ല്‍ 9,720.38 രൂപയാണ് ബാങ്കിലുണ്ടായിരുന്നത്.
1998 മുതല്‍ ത്രിപുര മുഖ്യമന്ത്രി പദവിയിലിരിക്കുന്ന മണിക് സര്‍ക്കാര്‍ ആറാം തവണയാണ് ജനവിധി തേടുന്നത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന 26,315 രൂപ ശമ്പളം പൂര്‍ണമായും പാര്‍ട്ടി ഫണ്ടിലേക്കാണ് നല്‍കുന്നത്. പകരം ജീവിതച്ചെലവിനായി പാര്‍ട്ടി പ്രതിമാസം 9,700 രൂപ അലവന്‍സായി നല്‍കും. സഹോദരങ്ങള്‍ക്കു കൂടി അവകാശമുള്ള ഒരേക്കറില്‍ താഴെ ഭൂമി മാത്രമെ തന്റെ പേരിലുള്ളൂവെന്നും സത്യവാങ്മൂലത്തില്‍ മണിക് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.