ചണ്ഡീഗഢ്- രാജിവച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബദ്ധവൈരി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിനെതിരായ പോര് കടുപ്പിക്കുമെന്ന് ഉറപ്പായി. സിദ്ദു പഞ്ചാബില്‍ മുഖ്യമന്ത്രി ആകുന്നത് എന്തു വിലകൊടുത്തു തടയുമെന്ന് അമരീന്ദര്‍ പറഞ്ഞു. ഒരു അപകടകാരിയായ ആളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏതു ത്യാഗം സഹിക്കാനും താന്‍ തയാറാണെന്ന് അമരീന്ദര്‍ പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിദ്ദു മത്സരിക്കുന്ന സീറ്റില്‍ അദ്ദേഹത്തിനെതിരെ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്നും സിദ്ദുവിനെ മുഖ്യമന്ത്രി മുഖമാക്കി മാറ്റാനുള്ള ഏതൊരു നീക്കത്തേയും തടയാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിച്ചു നില്‍ക്കുമ്പോള്‍ മാത്രമെ രാഷ്ട്രീയം വിടൂ എന്നും ക്യാപ്റ്റന്‍ പറഞ്ഞു.
മൂന്നാഴ്ച മുമ്പ് തന്നെ രാജി സന്നദ്ധത പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ എന്നെ വിളിച്ച് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ സ്ഥാനം ഒഴിയുമായിരുന്നു. ഒരു സൈനികന്‍ എന്ന നിലയില്‍ ജോലി എങ്ങനെ ചെയ്യണമെന്നും തിരിച്ചു വിളിച്ചാല്‍ മാറി നില്‍ക്കണമെന്നും എനിക്കറിയാം- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ഒരിക്കല്‍ കൂടി വിജയിപ്പിച്ച് അധികാരത്തിലെത്തിച്ച ശേഷം സ്ഥാനം ഒഴിയാന്‍ തയാറാണെന്നും മുഖ്യമന്ത്രി പദവി മറ്റാര്‍ക്കെങ്കിലും നല്‍കാനും തയാറാണെന്ന കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. തന്നെ വിശ്വാസത്തിലെടുക്കാതെ രഹസ്യ സ്വഭാവത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ച് തന്നെ അപമാനിച്ചു. ഞാന്‍ എംഎല്‍എമാരെ വിമാനത്തില്‍ ഗോവയിലേക്കോ മറ്റിടങ്ങളിലേക്കോ കൊണ്ടു പോകുമായിരുന്നില്ല. എന്റെ പ്രവര്‍ത്തന രീതി അതല്ല. ഞാന്‍ ഗിമ്മിക്കു കളിക്കാറില്ല. അതെന്റെ രീതിയല്ലെന്ന് ഗാന്ധി സഹോദരങ്ങള്‍ക്ക് അറിയാം. പ്രിയങ്കയും രാഹുലും എന്റെ മക്കളെ പോലെയാണ്. ഇതൊരിക്കലും ഇങ്ങനെ അവസാനിക്കേണ്ടതായിരുന്നില്ല. എനിക്ക് വേദനിച്ചു- ക്യാപ്റ്റന്‍ പറഞ്ഞു.