പ്രയാഗ്‌രാജ്- മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യന്‍ ആനന്ദ് ഗിരിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ആനന്ദ് ഗിരിയെ കോടതിയില്‍ ഹാജരാക്കിയത്. നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം മുന്നില്‍വെച്ചാണ് ചോദ്യം ചെയ്തതെങ്കിലും തന്നെ കുടുക്കിയതാണെന്നും അന്വേഷിക്കണമെന്നുമാണ് ആനന്ദ് ഗിരി പറയുന്നത്.
ഹനുമാന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആദ്യ തിവാരിയേയും പ്രയാഗ് രാജിലെ സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇരുവരേയും പ്രയാഗ് രാജിലെ നൈനി സെന്‍ട്രല്‍ ജയിലിലേക്കാണ് അയച്ചിരിക്കുന്നത്.
നരേന്ദ്ര ഗിരി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചതുപ്രകാരം പ്രയാഗ് രാജില്‍ നടന്ന ഭൂസമാധിയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
നരേന്ദ്ര ഗിരിയുടേത് കൊലപാതകമാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. റിമാന്‍ഡിലായ ശിഷ്യന്‍ ആനന്ദ് ഗിരി നേരത്തെയും സ്വാമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആനന്ദ് ഗിരിക്കെതിരെ പോലീസില്‍ നല്‍കിയ പരാതികളൊന്നും ഗൗരവത്തിലെടുത്തിരുന്നില്ലെന്നും പറയുന്നു.