ധര്‍- മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി ഈയിടെ തിരിച്ചെത്തിയ കമിതാക്കളായ യുവാവിനേയും യുവതിയേയും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കഴുത്തില്‍ ടയര്‍ തൂക്കിയിട്ട് നൃത്തം ചെയ്യിച്ചു. ധര്‍ സ്വദേശികളായ 21കാരനും 19കാരിയും ഇവരെ സഹായിച്ചെന്ന് ആരോപിച്ച് ഒരു 13കാരിയേയുമാണ് നൃത്തം ചെയ്യിച്ചത്. സെപ്തംബര്‍ 12ന് നടന്ന സംഭവത്തിന്റെ വിഡിയോ ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു പേര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ മൂന്ന് പേരേയും അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
മോട്ടോര്‍ സൈക്കിളിന്റെ ടയര്‍ കഴുത്തിലിട്ടാണ് കമിതാക്കളെ പ്രതികള്‍ നൃത്തം ചെയ്യിച്ചത്. കൂടി നില്‍ക്കുന്നവരെല്ലാം ചിരിക്കുന്നതും വിഡിയോയില്‍ കാണാം. ജൂലൈയിലാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും ഗുജറാത്തിലേക്കാണ് പോയിരുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ തിരിച്ച് വീട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനായിരുന്നു ഓളിച്ചോടിയതിന് നാട്ടുകാരുടെ വക ശിക്ഷ.