മോഡി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ നടുവൊടിക്കുമെന്ന് ആശങ്ക. പദ്ധതിയുമായി സർക്കാർ മുമ്പോട്ടു പോകവേ ബുള്ളറ്റ് ട്രെയിൻ വരാനിരിക്കുന്ന മുംബൈ - അഹമ്മദാബാദ് റൂട്ടിൽ ഇതിനകം ഏകദേശം 40 ശതമാനം യാത്രക്കാരുടെ കുറവുണ്ടായതായി വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കി. മുംബൈ സ്വദേശിയായ ആക്റ്റിവിസ്റ്റ് അനിൽ ഗാൽഗാലിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതു കാരണം വെസ്‌റ്റേൺ റെയിൽവേയ്ക്ക് പ്രതിമാസം 10 കോടി എന്ന കണക്കിൽ പാദത്തിൽ 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 'ഒരു ലക്ഷം കോടി രൂപ മുടക്കി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രം അമിത താൽപര്യമാണ് കാണിക്കുന്നത്. എന്നാൽ വേണ്ട വിധത്തിൽ തയ്യാറെടുപ്പുകൾ നടത്താതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് -അനിൽ ഗാൽഗാലി പറഞ്ഞു. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 40 ശതമാനവും അഹമ്മദാബാദ്-മുംബൈ റൂട്ടിൽ 44 ശതമാനവും യാത്രക്കാരുടെ കുറവുണ്ടായതായി വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു. 2017 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 32 മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിലായി ആകെ 7,35,630 സീറ്റുകളിൽ 4,41,795 സീറ്റുകൾ മാത്രമാണ് ബുക്ക് ചെയ്തതെന്ന് വെസ്‌റ്റേൺ റെയിൽവേ ചീഫ് കൊമേഴ്‌സ്യൽ മാനേജർ മഞ്ജീത് സിംഗ് പറഞ്ഞു. അഹമ്മദാബാദ്-മുംബൈ റൂട്ടിലെ 31 ട്രെയിനുകളിലെ 7,06,446 സീറ്റുകളിൽ 3,98,002 സീറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.