യുനൈറ്റഡ് നേഷന്‍സ്- ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും അനുവദിക്കണമെന്ന് ലോകരാജ്യങ്ങളോടും യുഎന്നിനോടും അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന താലിബാന്റെ പ്രധാന വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീനെ താലിബാന്‍ യുഎന്നിലെ അഫ്ഗാനിസ്ഥാന്‍ അംബാസഡറയി നാമനിര്‍ദേശം ചെയ്യുകയും ചെയ്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി എഴുതിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ജനറല്‍ അസംബ്ലിയില്‍ തന്നെ പ്രസംഗിക്കാന്‍ അനുവദിക്കണമെന്നാണ് മുത്തഖി ആവശ്യപ്പെട്ടത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഗുലാം ഇസാക്‌സായ് ആണ് യുഎന്നിലെ ഇപ്പോഴത്തെ അഫ്ഗാന്‍ പ്രതിനിധി. താലിബാന്‍ ഗുലാം ഇസാക്‌സായിയെ പിന്തുണയ്ക്കില്ലെന്ന് ഇതോടെ വ്യക്തമായി.
താലിബാന്റെ അപേക്ഷ യുഎസ്, ചൈന, റഷ്യ എന്നിവരടങ്ങുന്ന യുഎന്നിന്റെ ഉന്നത സമിതിക്കു വിട്ടിരിക്കുകയാണ്. എന്നാല്‍ ഈ സമിതി യുഎന്‍ സമ്മേളനം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്കു മുമ്പ് യോഗം ചേരാന്‍ സാധ്യതയില്ല. അതിനാല്‍ ഇത്തവണ താലിബാന്‍ മന്ത്രി യുഎന്നിലെത്തുമോ എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കില്ല. ഈ സമിതി താലിബാനെ അംഗീകരിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ അത് താലിബാന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയായിരിക്കും.