ന്യൂയോര്‍ക്ക്- ഐക്യ രാഷ്ട്രസഭാ ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സാര്‍ക്ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം പാക്കിസ്ഥാന്റെ താലിബാന്‍ അനുകൂല നിലപാട് കാരണം റദ്ദാക്കി. യോഗത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. എന്നാല്‍ മറ്റു അംഗരാജ്യങ്ങള്‍ ഈ നിലപാടിനോട് യോജിച്ചില്ലെന്നാണ് റിപോര്‍ട്ട്. അഫ്ഗാനു വേണ്ടി ഒരു കസേര ഒഴിച്ചിടാമെന്നായിരുന്നു സാര്‍ക്ക് രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ യോഗത്തില്‍ അഫ്ഗാനിലെ മുന്‍ അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ പ്രതിനിധിയെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കി. താലിബാനെ യുഎനും ഇന്ത്യ ഉള്‍പ്പെടെ മറ്റു സാര്‍ക്ക് അംഗരാജ്യങ്ങളും അംഗീകരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു നിലപാട്. ഇത്തവണ യോഗത്തിന് അധ്യക്ഷത വഹിക്കുന്നത് നേപ്പാള്‍ ആണ്. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതു കാരണം ഇത്തവണ യോഗം റദ്ദാക്കി എന്നാണ് സാര്‍ക്ക് സെക്രട്ടറിയേറ്റ് അറിയിച്ചത്.
ബംഗ്ലദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദീപ്, നേപാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ എട്ടു ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയാണ് സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജനല്‍ കോഓപറേഷന്‍ (സാര്‍ക്ക്).