Sorry, you need to enable JavaScript to visit this website.

1200 ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഡംബര കപ്പൽ ഇന്ന് കൊച്ചിയിൽ

കേരളത്തിലെ കോവിഡാനന്തര ടൂറിസം സജീവമാകുന്നു
കൊച്ചി- കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണർവേകി 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി എം.വി എംപ്രസ് ആഡംബര കപ്പൽ ഇന്ന് കൊച്ചിയിൽ. മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 800 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകൾ അടുത്തറിയാനായി തീരത്ത് ഇറങ്ങുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുമായാണ് കോർഡേലിയ ക്രൂയിസസിന്റെ എം.വി എംപ്രസ് കപ്പൽ കൊച്ചിയിൽ എത്തുന്നത്.ഇന്ന് രാവിലെ 5ന് കപ്പൽ കൊച്ചിയിൽ നങ്കൂരമിടും. 6.30 ഓടെ സഞ്ചാരികൾ പുറത്തിറങ്ങും. പിന്നീട് ഇവർ നഗരത്തിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളടക്കമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. മൂന്ന് സംഘങ്ങളായി പ്രത്യേകം ബസ്സുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര.മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങൾ സന്ദർശിക്കുന്നതിലൂടെ യാത്രികർക്ക് കേരളത്തിന്റെ സംസ്‌കാരത്തെയും ജീവിതത്തെയും അടുത്തറിയാൻ അവസരം ലഭിക്കും. സഞ്ചാരികൾ കൊച്ചി കായലിലൂടെയുള്ള ബോട്ട് യാത്രയുടെയും ഭാഗമാകും. വൊയേജർ കേരളയാണ് ടൂർ ഏജൻറ്. വൈകിട്ട് 3ന് കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും.
കോവിഡ് പ്രതിസന്ധി മറികടന്ന് കേരളത്തിന്റെ ടൂറിസം മേഖല സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള എംപ്രസ് കപ്പലിന്റെ വരവിലൂടെ ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രികർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിൾ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.കോവിഡ് പ്രതിസന്ധിയിൽ നിന്ന് കേരളത്തിലെ വിനോദസഞ്ചാര മേഖല അതിവേഗം തിരിച്ചു വരികയാണെന്ന് ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി വേണു പറഞ്ഞു. സഞ്ചാരികളെ വരവേൽക്കാൻ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജ്ജമാണെന്നും സജീവമായ ഒരു ടൂറിസം സീസണാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത് കോവിഡ് പ്രതിസന്ധി മറികടന്ന് മുന്നോട്ടുപോകാൻ കേരളത്തെ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു. അടുത്തിടെ കേരളം പ്രഖ്യാപിച്ച സമഗ്ര കാരവൻ ടൂറിസം നയം സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest News