ന്യൂദല്‍ഹി- പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതി അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും സുപ്രീം കോടതിയില്‍ നാളെ വാദം തുടരും. വിചാരണ കോടതി വെള്ളിയാഴ്ച പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുമോയെന്ന കാര്യത്തില്‍ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് വ്യക്തത തേടി. ഇക്കാര്യത്തില്‍ നാളെതന്നെ മറുപടി നല്‍കണമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു.
ഭീകര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്ന് താഹ ഫസലിന്റെ അഭിഭാഷകന്‍ ജയന്ത് മുത്ത് രാജ് കോടതിയെ അറിയിച്ചു. പോലീസ് പിടിച്ചെടുത്തത് പൊതുവിപണിയിലുള്ള പുസ്തകങ്ങളെന്നും ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും താഹ ഫസല്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അലന്‍ ശുഹൈബിനും താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി.