വാഷിങ്ടന്‍- കോവിഡ് മൂലം വിദേശ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബറില്‍ പിന്‍വലിക്കുമെന്ന് യുഎസ്. പൂര്‍ണമായും വാക്‌സിനെടുത്ത എല്ലാവര്‍ക്കും യുഎസിലേക്ക് പ്രവേശനം അനുവദിക്കും. ഒന്നര വര്‍ഷം മുമ്പാണ് യുഎസില്‍ വിദേശികള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയത്. വിമാന മാര്‍ഗം എത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളാണ് നവംബര്‍ മുതല്‍ നീക്കുന്നത്. അതേസമയം കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള റോഡ് യാത്രികള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമെ പ്രവേശന അനുമതിയുള്ളൂ.
ഇന്ത്യ, ചൈന, യുറോപ്യന്‍ യൂണിയന്‍, സൗത്ത് ആപ്രിക്ക, ബ്രസീല്‍, ഇറാന്‍ തുടങ്ങി 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഒന്നര വര്‍ഷമായി യാത്രാ വിലക്കുള്ളത്. വാക്‌സിനെടുത്തതിന് തെളിവ് നല്‍കിയാല്‍ നവംബര്‍ മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാം. ക്വാറന്റീനില്‍ കഴിയേണ്ടതില്ല. നവംബറില്‍ തുറക്കുന്നതോടെ ടൂറിസം രംഗവും പച്ചപിടിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2020ല്‍ ടൂറിസം രംഗത്ത് യുഎസിന് 500 ശതകോടി ഡോളറാണ് നഷ്ടപ്പെട്ടത്.