ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതുമായ വിഡിയോകള്‍ വൈറലായതോടെ അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യമെന്താണെന്നാണ് തമിഴ്‌നാട്ടിലെ ചൂടേറിയ ചര്‍ച്ച. ഇപ്പോള്‍ പുതിയൊരു വിഡിയോ കൂടി പുറത്തു വന്നിരിക്കുന്നു. മുഖ്യമന്ത്രി പ്രഭാത സവാരി നടത്തുന്നതാണ് രംഗം. നടത്തത്തിനിടെ അവിടെ കണ്ട ഏതാനും പേരുമായി കുശലാന്വേഷണം നടത്താനും മുഖ്യമന്ത്രി സമയം കണ്ടെത്തി. ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ആ ചോദ്യം ഉന്നയിച്ചത്. 68ാം വയസ്സിലും ഈ ചുറുചുറുക്കുമായി നടക്കുന്നതിന്റെ രഹസ്യമെന്താണ് എന്നായിരുന്നു അവരുടെ ചിരിച്ചുകൊണ്ടുള്ള ചോദ്യം. ഇത് കേട്ട മുഖ്യമന്ത്രി പൊട്ടിച്ചിരിച്ചു. പിന്നെ കാര്യം പറഞ്ഞു. ഭക്ഷണ നിയന്ത്രണം.
ഫിറ്റ്‌നസിലുള്ള സ്റ്റാലിന്റെ ശ്രദ്ധ എടുത്തുകാണിക്കുന്ന നിരവധി വിഡിയോകളാണ് ഡിഎംകെ ഇടക്കിടെ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും ടീ ഷോപ്പില്‍ കയറി ചായ കുടിച്ചുമെല്ലാം മുഖ്യമന്ത്രി ജനങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാണെന്ന് കാണിക്കുന്ന നിരവധി വിഡിയോകള്‍ ഇതിനം പുറത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് ഈ ബ്രാന്‍ഡിങ്, പ്രചാരണ തന്ത്രത്തിനു പിന്നിലെന്നാണ് പറയപ്പെടുന്നത്.
നേരത്തെ എഴുന്നേല്‍ക്കുക, നടത്തം, യോഗ, പത്ത് ദിവസത്തിലൊരിക്കല്‍ സൈക്ലിങ് എന്നിവയാണ് തന്റെ വ്യായാമ മുറകളെന്ന് സ്റ്റാലിന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എപ്പോഴും ജോലിയില്‍ ബിസി ആണെങ്കിലും പേരക്കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടാണ് താന്‍ ആനന്ദം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എത്ര തിരക്കുണ്ടായാലും ക്ഷീണം തോന്നാറില്ലെന്നും സ്റ്റാലിന്‍ പറയുന്നു.
M K Stalin blushes as a lady asks the secret of his youthful look, during his morning walk. He responds "diet control". pic.twitter.com/178TnzrNxE
— J Sam Daniel Stalin (@jsamdaniel) September 21, 2021