ചാണ്ഡിഗഢ്- തന്റെ പണം ഉപയോഗിച്ച് വിസ കരസ്ഥമാക്കി വിദേശത്ത് പോയ ശേഷം ഭാര്യ ഒഴിവാക്കിയതായി യുവാവിന്റെ പരാതി. ഭാര്യക്കു പിന്നാലെ വിദേശത്തേക്ക് പോകാന്‍ കാത്തുനിന്ന യുവാവ് കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. ലോഹത്ബാദി ഗ്രാമത്തിലെ മന്‍വീര്‍ സിംഗ് മന്‍ഡണ് ഭാര്യയുടെ ചതിക്കിരയായത്. 2019 ലാണ് ലാല്‍ടണ്‍ കലാന്‍ ഗ്രാമത്തിലെ ഗുര്‍കമാല്‍ കൗറിനെ വിവാഹം ചെയ്തത്. ഭാര്യയുടെ മാതാപിതാക്കളായ പരംജിത് സിംഗ്, സുരീന്ദര്‍ കൗര്‍ എന്നിവരും ഭാര്യാ സഹോദരന്‍ പുഷ്‌പേന്ദര്‍ സിംഗും തട്ടിപ്പിനു കൂട്ടുനിന്നതായി യുവാവ് പറയുന്നു.
ഭാര്യക്ക് വിസ കരസ്ഥമാക്കാന്‍ വലിയ തുക ചെലവഴിച്ചതിനു പുറമെ കോളേജ് ഫീ, വിമാന ടിക്കറ്റ്, ലാപ് ടോപ്പ് എന്നിവക്കുവേണ്ടിയും പണം ചെലവഴിച്ചു. വിദേശത്ത് എത്തിയ ശേഷം തന്റെ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പായിരുന്നുവെന്ന് മനസ്സിലായത്.
ഇതിനു പിന്നാലെ ഭാര്യയുടെ കുടുംബത്തെ സമീപിച്ച മന്‍വീര്‍ സിംഗ് താന്‍ ചെലവാക്കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കള്‍ തയാറാകാത്തിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഒടുവില്‍ 15 ലക്ഷം നല്‍കാമെന്ന് കുടുംബക്കാര്‍ സമ്മതിച്ചു. എന്നാല്‍ ഏഴ് ലക്ഷം രൂപ മാത്രമേ തന്നുള്ളൂവെന്ന് ആരോപിച്ച് മന്‍വീര്‍ സിംഗ് പുതിയ പരാതി നല്‍കിയിരിക്കയാണ്. വഞ്ചനയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.