എഴുപത് ലക്ഷം രൂപയുടെ
നൂറുരൂപ നോട്ടുമായി ഡോക്ടർ പിടിയിൽ
ന്യൂദൽഹി- രാജ്യമെമ്പാടുമുള്ള ജനങ്ങൾ നൂറു രൂപക്കു വേണ്ടി നെട്ടോട്ടമോടുന്നതിനിടെ ദൽഹിയിൽ 70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുമായി ഡോക്ടർ പിടിയിൽ. സെൻട്രൽ ദൽഹിയിലെ പഹാഡ്ഗഞ്ചിൽ നല്ലൽ എന്ന ശിശുരോഗ വിദഗ്ധനാണ് നോട്ട് കെട്ടുകളുമായി പോലീസ് പിടിയിലായത്. നോട്ട് കെട്ടുകൾ കാറിൽ അടുക്കി വെക്കുന്നതു കണ്ട വഴിയാത്രക്കാരനാണ് വിവരം പോലീസിൽ അറിയിച്ചത്.
69,86,000 രൂപ വില വരുന്ന 100 ന്റെ നോട്ടുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. കാറിൽ പണവുമായി പോകുന്ന വഴി ട്രാഫിക് പോലീസ് തടയുകയും കാർ പരിശോധിക്കുകയുമായിരുന്നു. സുഹൃത്തായ ബിസിനസുകാരൻ സൂക്ഷിക്കാൻ ഏൽപ്പിച്ച പണമാണിതെന്ന് ഡോക്ടർ പറഞ്ഞു. രജൗരി ഗാർഡനിലുള്ള വീട്ടിലേക്ക് പണം തിരിച്ചു കൊടുക്കാനായി പോകുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിനായി ദൽഹി പോലീസ് കേസ് ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്.