മുംബൈ- അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്ര മുംബൈയിലെ വസതിയിലെത്തി. 62 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. വാഹനത്തില്‍ നിന്നിറങ്ങിയ കുന്ദ്രയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ഒന്നും മിണ്ടാതെ നിന്ന കുന്ദ്ര ഇടക്ക് പൊട്ടിക്കരഞ്ഞു.
50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പക്കും മുംബൈ കോടതി ജാമ്യം നല്‍കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.