ന്യൂദല്‍ഹി- പ്രശസ്ത വാര്‍ത്താ ചാനല്‍ എന്‍.ഡി.ടി.വി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ ചാനല്‍ തള്ളി. എന്‍.ഡി.ടി.വി ഓഹരികള്‍ വില്‍ക്കാനോ നിയന്ത്രണാവകാശം കൈമാറാനോ ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് കമ്പനി അറിയിച്ചു.
അദാനിയുടെ പുതിയ മാധ്യമ സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫിനെ നിയമിക്കുകയും ചെയ്തു. ഇതോടെയാണ് എന്‍.ഡി.ടി.വി അദാനി ഏറ്റെടുക്കുന്നതെന്ന പ്രചാരണത്തിന് വഴി തെളിയിച്ചത്. ഇതിന് പിന്നാലെ ചാനലിന്റെ ഓഹരിവില കുത്തനെ ഉയരുകയും ചെയ്തു.
ഓഹരി വില കൂടിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും സ്ഥാപക ഉടമകളാണ് രാധിക, പ്രണയ് റോയ് എന്നിവരുടെ പേരില്‍തന്നെയാണ് 61.5 ശതമാനം ഓഹരികളെന്നും എന്‍.ഡി.ടി.വി അറിയിച്ചു. ഇത് വില്‍ക്കാനോ ഉടമാവകാശം വേറെ ആരെയെങ്കിലും ഏല്‍പിക്കാനോ ഉദ്ദേശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.