കസ്ഗഞ്ച് - ഉത്തർ പ്രദേശിലെ കസ്ഗഞ്ചിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച മുസ്ലിംകളെ ആക്രമിച്ച് പ്രദേശത്ത് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിച്ച കൊലപാതക വാർത്ത പച്ചക്കള്ളമെന്ന് തെളിഞ്ഞു. 24കാരനായ രാഹുൽ ഉപാധ്യയ കൊല്ലപ്പെട്ടു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണം. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കലാപം ലക്ഷ്യമിട്ട് ലക്ഷ്യമിട്ട് ചിലർ നടത്തിയ വ്യാജ പ്രചാരണമാണിതെന്നും വ്യക്തമാക്കി രാഹുൽ തന്നെ രംഗത്തി. ഈ വ്യാജ വാർത്ത മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ കസ്ഗഞ്ചിൽ മുസ്ലിംകളുടെ സ്ഥാപനങ്ങളും വീടുകളും തെരഞ്ഞു പിടിച്ച് വ്യാപക ആക്രമമാണ് ഹിന്ദുത്വ തീവ്രവാദികൾ അഴിച്ചു വിട്ടത്.
'വാർത്ത കേട്ടപ്പോൾ ആരോ തമാശ പറഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് പലരും വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലായത്,' രാഹുൽ പറയുന്നു. അലിഗഢിലെ നഗ്ല ഖാഞ്ചി ഗ്രാമത്തിലെ കർഷക കുടുംബാംഗമാണ് രാഹുൽ. 'കലാപം ആളിക്കത്തിക്കാൻ ചിലർ എന്നെ ഉപയോഗപ്പെടുത്തുന്നതായി പിന്നീടാണ് തിരിച്ചറിഞ്ഞത്. ഒരു ഹിന്ദുവിനെ കൊലപ്പെടുത്തിയിരിക്കുന്നു എന്നായിരുന്ന പ്രചാരണം. ഇത് വ്യാജമാണെന്ന് ജില്ലാഭരണകൂടത്തേയും പോലീസിനേയും ഞാൻ നേരിട്ടാണ് അറിയിച്ചത്,' രാഹുൽ പറഞ്ഞു.
ഇക്കാര്യം എല്ലാ മാധ്യമ പ്രവർത്തകരോടും പറയാൻ അലിഗഢ് ഐ.ജി സഞ്ജീവ് ഗുപ്ത തന്നോട് ആവശ്യപ്പെട്ടു. 'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. മരിച്ചെന്നു പറയുന്ന രാഹുൽ ഉപാധ്യയ ജീവിച്ചിരിപ്പുണ്ട്. പ്രദേശത്ത് ഈ പേരിൽ ഒരാൾ ഇല്ലെന്നതാണ് വസ്തുത. ചിലർ വ്യാജ പ്രചാരണം നടത്തുകയാണ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്,' ഐ.ജി പറഞ്ഞു.
വെള്ളിയാഴ്ച ഉണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട അഭിഷേക് ഗുപ്തയോടൊപ്പം രാഹുലും കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു പ്രചാരണം. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 82 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും 31 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.