ബംഗളൂരു - 40 ലക്ഷം രൂപയുടെ വാർഷിക വരുമാനം വെളിപ്പെടുത്തിയ നിർമ്മാണ തൊഴിലാളിയെ മയക്കു മരുന്ന് കടത്തിയതിന് അറസ്റ്റ് ചെയ്തു. 34കാരനായ റചപ്പ രംഗയെയാണ് 25 കിലോ കഞ്ചാവും അഞ്ചു ലക്ഷം രൂപയും സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ സഹായി 47 കാരനായ ശ്രീനിവാസിനേയും പോലീസ് പിടികൂടിയിട്ടുണ്ട്. 2017-18 വർഷത്തെ തന്റെ വാർഷിക വരുമാനമായി 40 ലക്ഷം രൂപയുടെ റിട്ടേണുകൾ ആദായ നികുതി വകുപ്പിന് സമീപിച്ചതോടെയാണ് റചപ്പ നിരീക്ഷണത്തിലായത്. ലക്ഷങ്ങളുടെ വരുമാനം വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതിന്റെ സ്രോതസ്സ് ഏതെന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞിരുന്നില്ല. തുടർന്നാണ് റച്ചപ്പയെ നിരീക്ഷിക്കാൻ ആദായ നികുതി വകുപ്പ് പോലീസിന് നിർദേശം നൽകിയത്.
നിർമ്മാണ രംഗത്ത് തൊഴിലാളിയായി ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന റച്ചപ്പ 2013ലാണ് മയക്കു മരുന്ന് കടത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് കണ്ടെത്തി. നിരവധി യുവാക്കളെ കൂടെ കൂട്ടി നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന ശൃംഖല തന്നെ ഇയാൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതു വഴി കോടികൾ സമ്പാദിച്ചുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. 40,000 രൂപ പ്രതിമാസ വാടകയുള്ള വില്ലയിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. സ്വന്തം നാട്ടിൽ സ്വത്തുക്കൾ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ബംഗളൂരുവിൽ പ്രതിമാസം 30 കിലോ കഞ്ചാവ് ഇയാൾ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. ഉന്നത ഗുണനിലവാരമുള്ള കഞ്ചാവ് കിലോയ്ക്ക് 35,000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. കൊറമംഗല പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഹോട്ടലിൽ നിന്നാണ ഇയാളേയും സഹായിയേയും പിടികൂടിയത്. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.