ന്യൂദല്‍ഹി- മൂന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗവുമായ കനയ്യ കുമാറും യുവ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപോര്‍ട്ട്. നേരത്തെ സെപ്തംബര്‍ 28ന് ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഇത് അടുത്ത മാസത്തേക്ക് നീട്ടിവച്ചതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഊര്‍ജ്ജസ്വലരായ യുവ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇവരുടെ കോണ്‍ഗ്രസ് പ്രവേശനം.
വഡ്ഗാം എംഎല്‍എ ആയ് ജിഗ്നേഷിനെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. ഈ സംസ്ഥാനങ്ങളില്‍ ദളിത് സമുദായം നിര്‍ണായക വോട്ട് ബാങ്കാണ്. പഞ്ചാബില്‍ ആദ്യമായി ദളിത് മുഖ്യമന്ത്രി കോണ്‍ഗ്രസ് നിയമിച്ചതും ഇതിനോട് ചേര്‍ത്തു വായിക്കാം.
ഇപ്പോള്‍ സിപിഐ യുവ നേതാവായ കനയ്യക്കൊപ്പം മറ്റു ഇടതു നേതാക്കളും കോണ്‍ഗ്രസിലെത്തിയേക്കും. പാര്‍ട്ടി തകര്‍ന്നടിഞ്ഞ ബിഹാറില്‍ കനയ്യയെ പോലുള്ള യുവ നേതാവ് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ ബിജെപിയുടെ ഗിരിരാജ് സിങിനോട് പരാജയപ്പെട്ടിരുന്നു.