ന്യൂദൽഹി -മെഡിക്കൽ കോളെജ് പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ അനുകൂല വിധിപറയാൻ കോഴ വാങ്ങിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് എൻ ശുക്ലയെ നീക്കം ചെയ്യാൻ നടപടികളാരംഭിച്ചു. മൂന്ന് ജഡ്ജിമാരടങ്ങുന്ന അന്വേഷണ സമിതി ശുക്ലയെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ശുപാർശ ചെയ്തിരുന്നു. ഇതു പ്രകാരം ജസ്റ്റിസ് ശുക്ലയോട് രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു രണ്ടിനും ആരോപണ വിധേയനായ ജഡ്ജി തയാറായില്ല.
മറ്റു വഴികളില്ലാത്തതിനാൽ എല്ലാ കോടതി ജോലികളിൽ നിന്നും ജസ്റ്റിസ് ശുക്ലയെ ഉടൻ മാറ്റി നിർത്തണമെന്ന് ചീഫ് ജസ്റ്റിസ് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിർദേശിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച മുതലുള്ള കോടതി ജോലികളുടെ പട്ടികയിൽ നിന്ന് ശുക്ലയുടെ പേര് നീക്കം ചെയ്തു. ഇതോടെ ജൂഡീഷ്യറിയെ പിടിച്ചുലച്ച കോഴക്കേസ് അന്വേഷിക്കുന്ന സിബിഐക്ക് ശുക്ലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത തെളിഞ്ഞിരിക്കുകയാണ്. ശുക്ലയെ പദവിയിൽ നിന്ന നീക്കം ചെയ്യുന്ന നടപടികൾ ആരംഭിക്കാനും വഴി തെളിഞ്ഞു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേയും വിലക്കുകൾ റദ്ദാക്കി ഒരു സ്വകാര്യ മെഡിക്കൽ കോളെജിന് 2017-18 വർഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയതാണ് ശുക്ലയെ സംശയത്തിന്റെ നിഴലിലാക്കിയത്. അനുകൂല വിധി പറയാൻ മെഡിക്കൽ കോളെജ് ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന പരാതി നവംബറിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ലഭിച്ചത്. ഈ ആരോപണങ്ങൾ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ അഗ്‌നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പി കെ ജയ്‌സ്വാൾ എന്നിവരടങ്ങുന്ന സമതിയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിയോഗിച്ചിരുന്നു. ശുക്ലയ്‌ക്കെതിരായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഈ സമിതിയുടെ കണ്ടെത്തൽ. കുറ്റക്കാരനായ ജസ്റ്റിസ് ശുക്ല രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യാൻ തയാറാകാത്ത പശ്ചാത്തലത്തിൽ പദവിയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടികളിലേക്ക് ചീഫ് ജസ്റ്റിസ് താമസിയാതെ നീങ്ങിയേക്കും.
ഭരണഘടന പ്രകാരം ഒരു ജഡ്ജിയെ നീക്കം ചെയ്യുന്ന പ്രക്രിയ എളുപ്പമല്ല. കോടതി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ പ്രകാരം നീക്കം ചെയ്യൽ നടപടികൾ ആരംഭിക്കുന്ന കാര്യം രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും അറിയിക്കണം. 100 ലോക്‌സഭാംഗങ്ങളും 50 രാജ്യസഭാംഗങ്ങളും ഒപ്പു വച്ച നീക്കം ചെയ്യൽ പ്രമേയം സ്പീക്കർക്കോ സഭാധ്യക്ഷനോ നൽകും. ഇതു പ്രകാരം പാർലമെന്റ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അ്‌ലെങ്കിൽ ജഡ്ജ്, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒരു നിയമജ്ഞൻ എന്നിവരടങ്ങുന്നതാകും സമിതി. ജഡ്ജി കുറ്റക്കാരനാണെന്നും കണ്ടെത്തിയാൽ നീക്കം ചെയ്യൽ പ്രമേയം പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കണം. ഇതു പാസായാൽ നീക്കം ചെയ്യൽ നടപടിയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കു സമർപ്പിക്കും. നീക്കം ചെയ്തതായി അന്തിമ തീരുമാനം രാഷ്ട്രപതിയാണ് എടുക്കുക.