മുംബൈ- വിമാന സര്‍വീസുകളുടെ സമയം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന് ഏറ്റവുമധികം പഴികേള്‍ക്കുന്ന കമ്പനിയാണ് എയര്‍ ഇന്ത്യ. സര്‍ക്കാരിന്റെ സ്വന്തം കമ്പനിയായത് കൊണ്ടാണിങ്ങനെ എന്നൊക്കെ യാത്രക്കാര്‍ വിമര്‍ശിക്കുമെങ്കിലും ഈ മോശം പേര് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒരു സ്വകാര്യ കമ്പനിയാണ്.
2017-ല്‍ കൃത്യ സമയം പാലിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തിയ വിമാന കമ്പനി ജെറ്റ് എയര്‍വേയസ് ആണ്. ഒരു വര്‍ഷത്തിലെ എട്ടു മാസങ്ങളിലായി മൂന്നിലൊന്ന് ജെറ്റ് സര്‍വീസുകളും സമയം തെറ്റിച്ചാണ് പറന്നുയര്‍ന്നത്.
2017 മാര്‍ച്ച് വരെ ഈ ദുഷ്പേര് എയര്‍ ഇന്ത്യയുടെ തലയിലായിരുന്നു. മുംബൈ, ദല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശേഖരിച്ച ആഭ്യന്തര സര്‍വീസുകളുടെ വിവരങ്ങളില്‍ നിന്നാണ് സര്‍വീസുകളുടെ കാലതാമസത്തില്‍ ജെറ്റ് എയര്‍ ഇന്ത്യയെ കടത്തി വെട്ടിയതായി വ്യക്തമായത്. 2017-ല്‍ ജെറ്റ് എയര്‍വേയ്സും സഹസ്ഥാപനമായ ജെറ്റ് ലൈറ്റും 20.7 ദശലക്ഷം ആഭ്യന്തര യാത്രക്കാരെയാണ് വിവിധ ക്ലാസുകളിലായി വഹിച്ചത്. കാലതാമസം മൂലം ഇവരില്‍ വലിയൊരു ശതമാനം യാത്രക്കാര്‍ക്കും മോശം അനുഭവം ഉണ്ടായി.
ഓണ്‍ ടൈം പെര്‍ഫോമന്‍സിന്റെ(ഒ.ടി.പി) കാര്യത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ ഏറ്റവും മോശം പ്രകടനമാണ് ജെറ്റ് കാഴ്ചവെച്ചത്. ജൂണില്‍ അല്‍പം മെച്ചപ്പെടുത്തി എയര്‍ ഇന്ത്യയുടെ മുകളിലെത്തിയെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ ഒ.ടി.പി റേറ്റില്‍ ജെറ്റ് ഏറ്റവും താഴോട്ട് തന്നെ പോയി. ജെറ്റിന്റെ ഒ.ടി.പി 70 ശതമാനമായിരുന്നു. എയര്‍ ഇന്ത്യയുടേത് അല്‍പം കൂടി മെച്ചപ്പെട്ട 72 ശതമാനമായിരുന്നു. മുഴു സര്‍വീസ് വിഭാഗത്തില്‍ വരുന്ന മൂന്നാമത് കമ്പനിയായ വിസ്താരയാണ് കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. വിസ്താര സമയനിഷ്ഠയില്‍ 76 ശതമാനം കൃത്യത പുലര്‍ത്തി.