റായ്പൂര്‍- മുതിര്‍ന്ന ബിജെപി നേതാവും ഛത്തീസ്ഗഢ് മുന്‍ മന്ത്രിയുമായ രജിന്ദര്‍ പാര്‍ സിങ് ഭാട്ടിയയെ രാജ്‌നന്ദ്ഗാവിലെ വസതിയിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 72 വയസ്സായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മരണ കാരണവും വ്യക്തമല്ല. മാര്‍ച്ചില്‍ കോവിഡ് ബാധിച്ചതിനു ശേഷം അദ്ദേഹത്തിന് സുഖമുണ്ടായിരുന്നില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
ഛത്തീസ്ഗഢിലെ ആദ്യ ബിജെപി സര്‍ക്കാരില്‍ വാണിജ്യ വകുപ്പ് സഹമന്ത്രിയായിരുന്ന രജീന്ദര്‍ സിങ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളാണ്. മൂന്ന് തവണ എംഎല്‍എ ആയിരുന്നു. 2013ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് സ്വതന്ത്രനായി മത്സരിച്ച് തോറ്റിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭാര്യ മരിച്ചത്. ഏക മകന്‍ റായ്പൂരില്‍ ഒരു സ്വകാര്യ ആശുപത്രി നടത്തിപ്പുകാരനാണ്.