Sorry, you need to enable JavaScript to visit this website.

നാഗാലാന്‍ഡിലെ പ്രതിപക്ഷമില്ലാ സര്‍ക്കാര്‍ ഇനി യുനൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സ്

കൊഹിമ- നാഗാലാന്‍ഡില്‍ പ്രതിപക്ഷവും സര്‍ക്കാരും സഖ്യത്തിലായ പുതിയ പ്രതിപക്ഷമില്ലാ സര്‍ക്കാരിന് യുനൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സ് (യുഡിഎ) എന്നു പേരിട്ടു. എന്‍ഡിപിപി, ബിജെപി, എന്‍പിഎഫ് എംഎല്‍എമാരും സ്വതന്ത്ര എംഎല്‍എമാരും ഏകകണ്ഠമായാണ് ഈ പേര് അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി നെയ്ഫിയു റയോ അറിയിച്ചു. നാഗാ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) ജൂലൈ 19ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതു പ്രകാരം നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി), ബിജെപി, രണ്ട് സ്വതന്ത്രര്‍ എന്നിവരടങ്ങുന്ന മുഖ്യമന്ത്രി നെയ്ഫിയു റയോയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്‍പിഎഫുമായി ചേര്‍ന്ന് ഒരു അഞ്ചിന കരാറിലെത്തുകയായിരുന്നു. നാഗാ സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്നാണ് ഈ കരാര്‍ പറയുന്നത്. ദീര്‍ഘകാലമായുള്ള നാഗാ വിഘടനവാദ പ്രശ്‌നങ്ങള്‍ക്ക് അന്തിമ പരിഹാരം കാണുന്നതിനാണ് പ്രതിപക്ഷവും സര്‍ക്കാരും ഒന്നിച്ച് പുതിയ സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്.

പുതിയ യുഡിഎ സര്‍ക്കാരില്‍ മന്ത്രി പദവികളും മറ്റു മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഇപ്പോള്‍ നടന്നത് ഔപചാരികമായ പേരിടല്‍ മാത്രമാണ്. ഇത് നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ജൂലൈയില്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതിന് പച്ചക്കൊടി കാണിച്ചിരുന്നില്ല. നാഗാ രാഷ്ട്രീയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒരു സര്‍വ കക്ഷി പാര്‍ലമെന്ററി കമ്മിറ്റി ഉണ്ടെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിനെ പ്രതിപക്ഷമില്ലാ സര്‍വകക്ഷി സര്‍ക്കാരാക്കി മാറ്റുന്നത് സംസ്ഥാനത്ത് ബിജെപിയുടെ അധികാരം വെട്ടിക്കുറക്കുന്ന നീക്കമാണോ എന്ന് കേന്ദ്രം സംശയിച്ചിരുന്നു. ജൂണില്‍ രൂപീകരിച്ച പാര്‍മെന്ററി കമ്മിറ്റി നാഗാലാന്‍ഡിലെ 60 എംഎല്‍എമാരും രണ്ട് പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെട്ടതാണ്.
 

Latest News