ന്യൂദല്‍ഹി- ലോക്‌സഭാ എം.പി ബാബുല്‍ സുപ്രിയോക്ക് പിന്നാലെ മറ്റൊരു ലോക്‌സഭാംഗം കൂടി ബി.ജെ.പിയില്‍നിന്ന് തൃണമൂലില്‍ എത്തിയേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഒരു തൃണമൂല്‍ രാജ്യസഭാ എം.പി പറഞ്ഞു. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഏതാനും ദിവസത്തിനിടെ അദ്ദേഹം ഞങ്ങളോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ- പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ എം.പി പറഞ്ഞു.
സുപ്രിയോ തെരഞ്ഞെടുക്കപ്പെട്ട തെക്കുകിഴക്കന്‍ ബംഗാളില്‍നിന്നുതന്നെയുള്ള എം.പിയാണ് ഇതെന്നാണ് സൂചന.
മമത ബാനര്‍ജി മൂന്നാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നാല് ബി.ജെ.പി എം.എല്‍.എമാരാണ് തൃണമൂലില്‍ ചേര്‍ന്നത്. മുകുള്‍ റോയ്, ബിശ്വജിത് റോയ്, തന്‍മയി ഘോഷ്, സൗമെന്‍ റോയ് എന്നിവരാണവര്‍. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്കായിരുന്നു ഒഴുക്കെങ്കില്‍ ഇപ്പോള്‍ തൃണമൂലിലേക്ക് തിരിച്ചൊഴുക്കാണ്.