ബെംഗളുരു- ഇതര മതക്കാരനായ സഹപ്രവര്‍ത്തകനൊപ്പം ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്ത ബാങ്ക് ജീവനക്കാരിയായ മുസ്‌ലിം യുവതിക്കു നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു യുവാക്കളെ ബെംഗളുരു പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നഗരത്തിലെ ഡയറി സര്‍ക്കിളില്‍ നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായിരുന്നു. യാത്രയ്ക്കിടെ ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു അക്രമികളുടെ സദാചാര പോലീസിങ്. ഇവര്‍ തന്നെ ഷൂട്ട് ചെയ്ത വിഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്.
മുസ്‌ലിം അല്ലാത്ത ഒരാളുടെ കൂടെയാണോ യാത്ര ചെയ്യുന്നത് എന്ന ചോദ്യം ചെയ്ത അക്രമികള്‍ മോശമായി സംസാരിക്കുകയും ബൈക്കോടിച്ച യുവാവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ബുര്‍ഖ ധരിച്ച സ്ത്രീയെ ഇനി ബൈക്കില്‍ കൊണ്ടു പോയാല്‍ എന്നു പറഞ്ഞ് പ്രതികളിലൊരാള്‍ യുവാവിന്റെ ഹെല്‍മെറ്റില്‍ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. നാണമില്ലെ, ഏതു കാലത്താണ് നാം ജീവിക്കുന്നത് എന്നറിയില്ലെ എന്നീ ചോദ്യങ്ങളുമായി പ്രതികള്‍ യുവതിക്കു നേരേയും തിരിഞ്ഞു. ഭാര്യയെ എന്തിന് മുസ്‌ലിം അല്ലാത്തയാളുടെ കൂടെ യാത്ര ചെയ്യാന്‍ വി്ട്ടു എന്ന് യുവതിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചും പ്രതികള്‍ ചോദ്യം ചെയ്തു. യുവാവിനെ മര്‍ദിച്ച പ്രതികള്‍ യുവതിയെ ബൈക്കില്‍ നിന്ന് ഇറക്ക് ഒരു ഓട്ടോയില്‍ കയറ്റി വിട്ടു. വിഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് 12 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സൗത്ത് ഈസ്റ്റ് ബെംഗളുരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.