ചണ്ഡീഗഢ്- രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഏവരേയും ഞെട്ടിച്ച് ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നു. ചംകോര്‍ സാഹിബ് മണ്ഡത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയ, നിലവില്‍ സാങ്കേതിക വിദ്യാഭാസ വകുപ്പു മന്ത്രിയായ ചരണ്‍ജിത് സിങ് ചന്നി തിങ്കളാഴ്ച പഞ്ചാബിലെ 16ാം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദളിത് മുഖ്യമന്ത്രിയെ അധികാരം ഏല്‍പ്പിക്കുക വഴി കോണ്‍ഗ്രസ് നോട്ടമിട്ടത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 32 ശതമാനമാണ് പഞ്ചാബിലെ ദളിത് വോട്ട്. രാംദാസിയ സിഖ് സമുദായക്കാരനാണ് പുതിയ മുഖ്യമന്ത്രി.
നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിവന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു 49കാരനായ ചരണ്‍ജിത്. നേരത്തെ 2015 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവുമായിരുന്നു. 2017 മാര്‍ച്ചിലാണ് അമരീന്ദര്‍ സിങ് സര്‍ക്കാരില്‍ മന്ത്രിയായത്.
നേരത്ത ചില്ലറ വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട് ചരണ്‍ജിത്. ഒരു വനിതാ ഐഎഎസ് ഓഫീസര്‍ക്ക് മോശം ടെക്സ്റ്റ് മെസേജ് അയച്ചതിന്റെ പേരില്‍ 2018ല്‍ മീ ടൂ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വനിതാ ഓഫീസര്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. പ്രശ്‌നം പരിഹരിച്ചെന്ന് ചരണ്‍ജിത് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് നോട്ടീസ് നല്‍കിയതോടെ മൂന്ന് മാസം മുമ്പ് മേയില്‍ ഈ സംഭവം വീണ്ടും ഉയര്‍ന്നു വന്നിരുന്നു.
ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ചരണ്‍ജിത് രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കാന്‍ ചില വിചിത്ര ആചാരങ്ങള്‍ അനുവര്‍ത്തിക്കാറുള്ളതായാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. 2017ല്‍ മന്ത്രിയായ ഉടന്‍ ജ്യോതിഷിയുടെ ഉപദേശ പ്രകാരം അദ്ദേഹം ഔദ്യോഗിക വസതിക്ക് കിഴക്ക് അഭിമുഖമായി ഒരു പ്രവേശന കവാടം നിയമവിരുദ്ധമായി പണിതത് വിവാദമായിരുന്നു. തൊട്ടടുത്ത ഒരു പാര്‍ക്കില്‍ നിന്ന് ഒരു റോഡ് നിര്‍മ്മിച്ചായിരുന്നു ഇത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് ചണ്ഡിഗഡ് ഭരണകൂടം പൊളിച്ചു മാറ്റുകയും ചെയ്തു. ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരം ഒരിക്കല്‍ തന്റെ വീടിന്റെ പരിസരത്ത് ചരണ്‍ജിത് സിങ് ആനസവാരി നടത്തിയ സംഭവവും വൈറല്‍ ആയിരുന്നു.