മലപ്പുറം-കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷാ ഫലങ്ങള്‍ അനിശ്ചിതമായി വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ബിരുദ പരീക്ഷകളുടെയും ബിരുദാനന്തര പരീക്ഷകളുടെയും ഫലങ്ങള്‍ അനന്തമായി വൈകുകയാണ്. സെമസ്റ്ററുകളില്‍ കൃത്യമായി പരീക്ഷ നടക്കാത്തതും വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥികളുടെ ആദ്യ വര്‍ഷത്തെ സെമസ്റ്ററുകളിലെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്‌സ് പൂര്‍ത്തിയാകാന്‍ ഏഴു മാസം മാത്രമാണ് ബാക്കിയുള്ളത്. നാലു സെമസ്റ്ററുകളിലെ പരീക്ഷകള്‍ ഇനിയും നടന്നിട്ടില്ല. രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ പരീക്ഷകളൊന്നും നടന്നിട്ടില്ല.
മികച്ച അക്കാദമിക നിലവാരം പുലര്‍ത്തിയിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പരീക്ഷകള്‍ നടക്കാത്തതും ഫലപ്രഖ്യാപനം അനന്തമായി നീളുന്നതും അധികൃതരുടെ കടുത്ത അലംഭാവം മൂലമാണെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാകാനിരിക്കെ പരീക്ഷാ ക്രമങ്ങള്‍ അവതാളത്തിലാകുന്നത് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തെയും ജോലി സാധ്യതകളെയും ബാധിക്കുമെന്ന് ആശങ്കയും ഉയരുന്നുണ്ട്.