ന്യൂദല്‍ഹി- കോവിഡ് കാരണ ഒന്നര വര്‍ഷം നീണ്ട സന്ദര്‍ശന വിലക്ക് നീക്കി വിദേശ ടൂറിസ്റ്റുകള്‍ക്ക് വൈകാതെ ഇന്ത്യയിലേക്ക് പ്രവേശനാനുമതി നല്‍കും. ആദ്യം അപേക്ഷിക്കുന്ന അഞ്ച് ലക്ഷം വിദേശികള്‍ക്ക് സൗജന്യമായി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന രംഗങ്ങളുടെ തിരിച്ചുവരവ് ത്വരിതപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. അടുത്ത പത്തു ദിവസത്തിനകം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2022 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ അഞ്ച് ലക്ഷം പൂര്‍ത്തിയാകുന്നത് വരെ ടൂറിസ്റ്റുകള്‍ക്ക് ഫ്രീ വിസ അനുവദിക്കും. ഇതിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ വഹിക്കേണ്ടി വരിക. ഇവ ഹ്രസ്വകാല ടൂറിസ്റ്റ് വിസകളായിരിക്കും.
ഒരു മാസം കാലവധിയുള്ള ഇ-ടൂറിസ്റ്റ് വിസയ്ക്ക് നിലവിലെ ചാര്‍ജ് 25 ഡോളറാണ്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി അനുവദിക്കുന്ന ഇ-ടൂറിസ്റ്റ് വീസയ്ക്ക് 40 ഡോളറുമാണ് ഫീസ്. ഈ രണ്ട് വിസകളും 2020 മാര്‍ച്ചില്‍ രാജ്യത്തൊട്ടാകെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതലാണ് നിര്‍ത്തിവച്ചത്.
വിദേശികള്‍ക്ക് വേണ്ടി വീണ്ടും വാതില്‍ തുറക്കുന്നതിനായി ബന്ധപ്പെട്ട മേഖലയിലുള്ളവരുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ നടത്തി വരികയാണ്. കോവിഡ് ഭീഷണി ഒതുങ്ങിത്തുടങ്ങിയതോടെയാണ് വിദേശികള്‍ക്ക് വീണ്ടും അനുമതി നല്‍കുന്ന കാര്യം ചര്‍ച്ചയായത്. രാജ്യത്തിപ്പോള്‍ സജീവ കോവിഡ് കേസുകള്‍ 3.32 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ചയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 80 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു.