കോട്ടയം- കത്തോലിക്ക സഭയുടെ മുസ്‌ലിം വിരുദ്ധത സമൂഹത്തില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെ ഈഴവര്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി സഭയുടെ പത്രമായ ദീപികയുടെ ബാലസഖ്യം ഡയറക്ടറും പ്രമുഖ കത്തോലിക്കാ പ്രഭാഷകനുമായ ഫാദര്‍ റോയ് കണ്ണന്‍ചിറ രംഗത്ത്. ചങ്ങനാശേരി അതിരൂപയുടെ കീഴിലുള്ള പള്ളികളിലെ മതാധ്യാപകര്‍ക്കുള്ള പരിശീലനത്തിനിടെയാണ് ഫാദര്‍ റോയ് ഈഴവ വിരുദ്ധ പരാമര്‍ശം നടത്തിയതെന്ന് ട്രൂ കോപി തിങ്ക് റിപോര്‍ട്ട് ചെയ്യുന്നു. കോട്ടയത്തിന് അടുത്തുള്ള ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒമ്പത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ യുവാക്കള്‍ പ്രണയിച്ച് കൊണ്ടു പോയി എന്നാണ് ഫാദര്‍ റോയിയുടെ ആരോപണം. ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവയെ കുറിച്ച് നാം കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ അകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു വൈദികന്റെ ഈഴവ വിദ്വേഷം നിറഞ്ഞ പരാമര്‍ശം. വൈദികന്റെ പ്രഭാഷണ വിഡിയോ സംവിധായകന്‍ ജോ ബേബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.