ചണ്ഡീഗഢ്- ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചതിനെ തുടര്‍ന്ന് നേതൃപ്രതിസന്ധി രൂക്ഷമായ പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. പുതിയ മുഖ്യമന്ത്രി സിഖ് വിഭാഗത്തില്‍ നിന്നു വേണോ ഹിന്ദു വിഭാഗത്തില്‍ നിന്ന് വേണോ എന്നതാണ് ഭിന്നതയുടെ കാതല്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനിര്‍ ജാഖറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഏതാണ്ട് അന്തിമമായിരുന്നു. എന്നാല്‍ ശനിയാഴ്ച ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ജാഖറിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ മുറുമുറുപ്പും പ്രതിഷേധവും ഉണ്ടായതോടെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം മാറ്റിവച്ചിരിക്കുകയാണ്. ഞായറാഴ്ച ചേരാനിരുന്ന എംഎല്‍എമാരുടെ യോഗവും പാര്‍ട്ടി മാറ്റിവച്ചു.
എംഎല്‍എമാരെ വ്യക്തിപരമായി നേരിട്ട് കണ്ട് അഭിപ്രായം ചോദിക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. ഇങ്ങനെ ഒരു തീരുമാനത്തിലെത്താനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍. പഞ്ചാബിലെത്തിയ പാര്‍ട്ടിയുടെ കേന്ദ്ര രാഷ്ട്രീയ നിരീക്ഷകരായ ഹരീഷ് റാവത്തും അജയ് മാക്കനും എംഎല്‍എമാരെ ഓരോരുത്തരേയും കണ്ട് ചര്‍ച്ച നടത്തി വരികയാണിപ്പോള്‍. പുതിയ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനം സോണിയാ ഗാന്ധിക്കു വിട്ടിരിക്കുകയാണ്. അവരുടെ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍ര് പവന്‍ ഗോയല്‍ പറഞ്ഞു.
പഞ്ചാബിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നൊരാളെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ത്തുവെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഹിന്ദു വിഭാഗത്തില്‍ നിന്നൊരാളെ മുഖ്യമന്ത്രി ആക്കുകയാണെങ്കില്‍ അത് രാജ്യസഭാ എംപിയായ അംബിക സോണി ആയിരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ശനിയാഴ്ച രാത്രി വൈകി അംബികാ സോണിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ അംബിക സോണി ഈ ഓഫര്‍ നിരസിച്ചതായാണ് റിപോര്‍ട്ട്. പഞ്ചാബില്‍ മുഖ്യമന്ത്രി സിഖ് വിഭാഗത്തില്‍ നിന്ന് തന്നെ ആയിരിക്കണമെന്ന് അംബിക നിലപാട് വ്യക്തമാക്കുകയും ചെയ്തു.
പഞ്ചാബിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ രീതിയില്‍ പല നേതാക്കളും അസ്വസ്ഥരാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിസന്ധി രൂക്ഷമാക്കിയതായാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇനി പുതിയ മുഖ്യമന്ത്രി ചുമതലേയറ്റാല്‍ പിടിപ്പത് പണിയുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.