ബെംഗളൂരു- ഗ്രാമത്തിലേക്കുള്ള റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ വിവാഹം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി. ദേവാംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപികയായ ബിന്ദുവാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്ത് എഴുതിയത്.
ഗ്രാമത്തിലെ യുവാക്കളുടെ വിവാഹം നടക്കാത്തതിനുള്ള പ്രധാന കാരണം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡാണെന്ന് കത്തില്‍ പറയുന്നുണ്ട്. റോഡ് മോശമായതിനാല്‍ ഗ്രാമത്തിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുകയാണ്. മികച്ച റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഗ്രാമത്തിലുള്ളവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം ഇല്ലെന്ന ധാരണയാണ് പുറത്തുള്ളവര്‍ക്ക്. വിവാഹ ആലോചനകള്‍ വരുന്നതിന് തടസമായി റോഡ് പ്രശ്‌നം തുടരുകയാണ്. ഈ സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും 26 കാരിയായ ബിന്ദു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
റോഡ് സൗകര്യമില്ലായ്മയ്‌ക്കൊപ്പം മറ്റ് ആവശ്യങ്ങളും ഇവര്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. പിന്നാക്കാവസ്ഥയിലാണ് ഗ്രാമം ഉള്ളത്. റോഡുകളുടെ അഭാവം മൂലം പുറത്ത് നിന്നുള്ളവരില്‍ തെറ്റിദ്ധാരണ കൂടുതലാണ്. ശരിയായ റോഡില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഇവിടെ വിദ്യാഭ്യാസം നേടാന്‍ കഴിയുന്നില്ലെന്ന ധാരണ പല ആള്‍ക്കാരിലും ഉണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രി കത്ത് അയച്ചതിന് പിന്നാലെ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. റോഡിന്റെ വികസനത്തിനായി ഇതിനകം 12 ലക്ഷം രൂപ ലഭ്യമായെങ്കിലും ഈ തുക തികയില്ല. റോഡ് ടാറിംഗിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വേണം. ഈ തുക അനുവദിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോടും പ്രാദേശിക എംഎല്‍എയോടും അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ എം ആര്‍ സിദ്ദപ്പ പറഞ്ഞു.