അല്‍ജിയേഴ്‌സ്- അല്‍ജീരിയയുടെ മുന്‍ പ്രസിഡന്റ്് അബ്ദുല്‍ അസീസ് ബൂതഫ്‌ലിക അന്തരിച്ചു. 84 വയസ്സായിരുന്നു. രാജ്യത്ത് ഏറ്റവുമധികം കാലം പ്രസിഡന്റായ നേതാവാണ്. 2019 ല്‍ 20 വര്‍ഷത്തെ അധികാരത്തിന് വിരാമമിട്ട് ബൂതഫ്‌ലിക പ്രസിഡന്റ് സ്ഥാനം രാജിവലെക്കുകയായിരുന്നു. 1999ലാണ് സൈന്യത്തിന്‍െറ പിന്തുണയോടെ പ്രസിഡന്റായത്.
1937 മാര്‍ച്ച് രണ്ടിന് മൊറോക്കോയിലെ ഔജ്ദയിലാണ് ജനനം. 19 ാം വയസ്സില്‍ നാഷനല്‍ ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഫ്രാന്‍സില്‍നിന്ന് സ്വതന്ത്രമായപ്പോള്‍ രൂപവത്കരിച്ച അല്‍ജീരിയന്‍ മന്ത്രിസഭയില്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നു. 25 ാം വയസ്സിലാണ് അദ്ദേഹം മന്ത്രിസഭയിലെത്തിയത്. 1963 ല്‍ വിദേശകാര്യമന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിദേശകാര്യമന്ത്രിയെന്ന പദവി ബൂതഫ്‌ലികയുടെ പേരിലാണ്. 1974ല്‍ യു.എന്‍ പൊതുസഭ പ്രസിഡന്‍റ് സ്ഥാനത്തെത്തി.
അധികാരം നിലനിര്‍ത്താന്‍ ഭരണഘടന മാറ്റിയെഴുതിയതാണ് ബൂതഫ്‌ലികക്ക് വിനയായത്. അസുഖം മൂലം 2013 മുതല്‍ ഏറെക്കാലം അദ്ദേഹം പൊതുവേദിയില്‍നിന്ന് വിട്ടുനിന്നു. പിന്നീട് 2017 ലാണ് പൊതുവേദിയിലെത്തിയത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മത്സരിക്കാനൊരുങ്ങിയതോടെ ജനം പ്രക്ഷോഭം നടത്തുകയായിരുന്നു.