തിരുവനന്തപുരം- പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ഈ മാസം ഏഴിന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി. ഭാര്യയെ കാണാന്‍ വേണ്ടിയാണ് ഇയാള്‍ ജയില്‍ ചാടിയത്. കീഴടങ്ങാനും ഭാര്യയെയും മകനെയും കൂട്ടിയാണ് ഇയാള്‍ എത്തിയത്.
തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ ജാഹിര്‍ ഹുസൈനാണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീ ഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കായി പോലീസ് വിവിധ ഇടങ്ങളില്‍ അന്വേഷിച്ചു വരികയായിരുന്നു. താന്‍ ഭാര്യയെ കാണുന്നതിനായിട്ടാണ് ജയിലില്‍നിന്നു രക്ഷപ്പെട്ടതെന്ന് ജാഹിര്‍ മൊഴി നല്‍കിയിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അലക്കു കേന്ദ്രത്തില്‍ ജോലി ചെയ്യവേ, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് ജീവപര്യന്തം തടവുകാരനായ ജാഹിര്‍ ഹുസന്‍ രക്ഷപ്പെട്ടത്. അലക്കാന്‍ കൊടുത്ത ഷര്‍ട്ടുമിട്ടാണ് ഇയാള്‍ കടന്നത്. ഇതിന് മുന്‍പും ഇയാള്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും ജാഹിറിനെ പുറം ജോലികള്‍ക്ക് നിയോഗിച്ചത് ജയിലധികാരികളുടെ വീഴ്ചയായി കണ്ടെത്തിയിരുന്നു. തടവുകാരന്‍ രക്ഷപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. ഈ സമയത്തിനുള്ളില്‍ ഇയാള്‍ക്ക് നഗരത്തില്‍നിന്നു രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.
തിരുവനന്തപുരത്തുള്ള സ്വര്‍ണക്കട ഉടമയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ ഇയാള്‍ 2017 മുതല്‍ ജീവപര്യന്തം അനുഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് അലക്ക് ജോലിക്കായി ജയില്‍ കോമ്പൗണ്ടിന്റെ പുറക് വശത്തുള്ള അലക്ക് കേന്ദ്രത്തിലേക്ക് കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്.