ന്യൂദല്‍ഹി- കേരളത്തിന് ലഭിച്ചു കൊണ്ടിരുന്ന വരുമാന വിഹിതത്തില്‍ കാര്യമായ കുറവുണ്ടായതായി ധനനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് 2.45 ശതമാനമായിരുന്നു.പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇത് 1.92 ശതമാനമാക്കി കുറക്കുകയാണ് ചെയ്തത്.
2019-20 വര്‍ഷത്തില്‍ സംസ്ഥാനത്തിന് ലഭിച്ച വരുമാന വിഹിതം 17,000 കോടി രൂപയായിരുന്നു. 2020-21 വര്‍ഷത്തില്‍ വരുമാനത്തില്‍ 6,400 കോടി രൂപയാണ് കുറവുണ്ടായത്. മാത്രമല്ല പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ 19,800 കോടിയുടെ പ്രത്യേക ഗ്രാന്റ് വരും വര്‍ഷങ്ങളില്‍ ലഭിക്കുകയുമില്ല.
കേരളത്തിന്റെ വാര്‍ഷിക ചെലവ് 1,10,000 കോടി ആയിരിക്കെ വരുമാനത്തില്‍ ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ 32,000 കോടിയുടെ കുറവുണ്ടാകും. സംസ്ഥാനത്തിന് കിട്ടാനുള്ള ജി.എസ്.ടി നഷ്ടപരിഹാര തുക ഉള്‍പ്പടെ വരുമാനത്തില്‍ വന്ന കുറവിന്റെ ഭാഗമാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തെ വളരെയേറെ പ്രതികൂലമായി അതു ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.