ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാസങ്ങളായി പുകയുന്ന പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വഷളാകുന്നു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനോട് രാജിവെക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാരിന്റെ മുഖം മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ തീരുമാനമാകും. 80ഓളം എംഎല്‍എമാരാണ് അമരീന്ദറിനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്.
സമ്മര്‍ദ്ദം ശക്തമായതോടെ ഇനിയും അവഹേളനം കേട്ട് തുടരാനില്ലെന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചതായും റിപോര്‍ട്ടുണ്ട്. മൂന്നാം തവണയാണ് ഇത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വരുന്നത്. മതിയായി. ഇത്ര അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷയോട് പറഞ്ഞുവെന്നാണ് കോണ്‍ഗ്രസുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.