ബെംഗളുരു- വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ അഞ്ചു പേരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങളുടെ സമീപത്തു നിന്ന് രണ്ടു വയസ്സുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. ബെംഗളുരുവിലെ ഒരു വീട്ടില്‍ നടന്ന കൂട്ടആത്മഹത്യ ദിവസങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്. ഒമ്പതു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ് പട്ടിണി കിടന്നു മരിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. കൂട്ട ആത്മഹത്യയ്ക്കു കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
കുടുംബനാഥനായ എച്ച് ശങ്കര്‍ അഞ്ചു ദിവസം മുമ്പ് വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ആരോടും ഒന്നും പറയാതെ സ്ഥലംവിട്ടതായിരുന്നു. പിന്നീട് നിരവധി തവണ ഫോണില്‍ വിളിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ആരും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ശങ്കര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെല്ലാം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. പേരക്കുട്ടിയായ രണ്ടു വയസ്സുകാരിയെ മാത്രമാണ് ജീവനോടെ കണ്ടത്. ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങിയെത്തിയ മകളുമായി ശങ്കര്‍ വഴക്കിട്ടിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. ശങ്കറിന്റെ 50കാരിയായ ഭാര്യയും 27 വയസ്സുള്ള മകനും 30ലേറെ പ്രായമുള്ള രണ്ടു പെണ്‍മക്കളും ചെറിയ പേരക്കുട്ടിയുമാണ് മരിച്ചത്. പിഞ്ചു കുഞ്ഞിന്റെ മരണം പട്ടിണി മൂലമാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.