ന്യൂദല്‍ഹി- കമിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരില്‍ നിന്നും ദല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവും കൗമാരക്കാരിയുമാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശിയായ യുവാവും കൗമാരക്കാരിയായ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ജൂലൈ 31ന് ജഗാംഗീര്‍പുരില്‍ നിന്ന് ദല്‍ഹിയിലേക്ക് കടന്ന കമിതാക്കളെ പിന്തുടര്‍ന്ന് എത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കൊല ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
പിടികൂടിയ കമിതാക്കളെ മധ്യപ്രദേശില്‍ എത്തിച്ച് കൊല ചെയ്യുകയായിരുന്നു. എതിര്‍പ്പ് ശക്തമായതോടെ രഹസ്യമായി ദല്‍ഹിയിലേക്ക് കടന്ന ഇരുവരെയും പ്രതികള്‍ കണ്ടെത്തി തട്ടിക്കൊണ്ട് പോയാണ് കൊല ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്.കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ആഴത്തിലുള്ള കുത്തേറ്റാണ് യുവാവ് മരിച്ചത്. യുവാവിന്റെ സ്വകാര്യഭാഗങ്ങള്‍ കീറി മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് കൊലപാതകം കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. പിടിക്കപ്പെടാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചത്. ഇരട്ടക്കൊലപാതകത്തില്‍ ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.