തിരുവനന്തപുരം - സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. ഉത്തരവ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പു സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് നേരത്തെ തന്നെയുള്ള നിര്‍ദേശമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
വിവാദ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അപേക്ഷക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത് അതിന്റെ പകര്‍പ്പും നല്‍കണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് അതനുസരിച്ച് അനുമതി നല്‍കിയാല്‍ മാത്രമെ അവ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കൂ. ഈ ഉത്തരവാണ് പിന്‍വലിച്ചത്.