Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണിയെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു  തിരിച്ചയച്ചു; പ്രസവിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ച കുഞ്ഞിനെ

കൊല്ലം- ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി, കൊടുംവേദനയുമായെത്തിയ യുവതിയെ 'പ്രശ്‌നമില്ലെന്നു' പറഞ്ഞു തിരിച്ചയച്ചത് 3 സര്‍ക്കാര്‍ ആശുപത്രികള്‍. 8 മാസം ഗര്‍ഭിണിയായ യുവതി 4 ദിവസത്തിനു ശേഷം കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആ നൊമ്പരക്കുഞ്ഞിനെ പ്രസവിച്ചു. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടില്‍ താമസിക്കുന്ന, കല്ലുവാതുക്കല്‍ പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയാണ് (23) ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം തീരാവേദന അനുഭവിക്കേണ്ടി വന്നത്.
പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭര്‍ത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്. ഗര്‍ഭാരംഭം മുതല്‍ രാമറാവുവിലായിരുന്നു ചികിത്സ. വയറുവേദന കാരണം ഈ മാസം 11ന് അവിടെ എത്തിയപ്പോള്‍ വിക്ടോറിയയിലേക്കു റഫര്‍ ചെയ്തു.
കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താല്‍ അവിടെ അഡ്മിറ്റ് ചെയ്തില്ല. പകരം എസ്എടിയിലേക്കു റഫര്‍ ചെയ്തു. വേദന അല്‍പം കുറഞ്ഞതിനാല്‍ വീട്ടിലേക്കു മടങ്ങിയ ദമ്പതികള്‍ 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടര്‍ പരിശോധിക്കുക പോലും ചെയ്തില്ലെന്നു മീരയും മിഥുനും പറയുന്നു.
അസ്വസ്ഥത രൂക്ഷമായതോടെ 15നു പുലര്‍ച്ചെ കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്‌കാന്‍ ചെയ്തപ്പോഴാണു കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളില്‍ പ്രസവിച്ചു. മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

Latest News