ന്യൂദല്‍ഹി- ലോക്‌സഭാ ടിവി, രാജ്യസഭാ ടിവി എന്നീ ചാനലുകളെ ലയിപ്പിച്ച് പുതുതായി അവതരിപ്പിച്ച സന്‍സദ് ടിവിയില്‍ അവതാരകരായി പ്രതിപക്ഷ എംപിമാരായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ശിവസേന എംപിയായ പ്രിയങ്ക ചതുര്‍വേദിയും എത്തുന്നു. രണ്ടു പേരും അവരുടെ സ്വന്തം ഷോകളുമായാണ് പുതിയ വേഷമണിയുന്നത്. 'റ്റു ദി പോയിന്റ്' എന്നാണ് തരൂരിന്റെ ഷോയുടെ പേര്. 'മേരി കഹാനി'' ആണ് ചതുര്‍വേദിയുടെ ഷോ. രണ്ടിലും രാഷ്ട്രീയം കാര്യമായ ഒരു വിഷയമായി വന്നേക്കില്ല. പ്രമുഖ വ്യക്തികളുമായി സംഭാഷണങ്ങളാണ് തരൂരിന്റെ പരിപാടി. വനിതാ എംപിമാരുടെ ജീവിത യാത്രയാണ് മേരി കഹാനിയിലൂടെ ചതുര്‍വേദി അവതരിപ്പിക്കുക.
യുഎന്‍ ടെലിവിഷനു വേണ്ടി നടന്‍ മൈക്കല്‍ ഡഗ്ലസിനെ അടക്കം പലരേയും അഭിമുഖം നടത്തിയിട്ടുള്ളതിനാല്‍ ഈ രംഗത്ത് പരിചയമില്ലാത്ത ഒരു അവതാരകനാണ് താന്‍ എന്നു പറയാനാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഉത്തരങ്ങള്‍ പറയുന്നതിനു പകരം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ലഭിക്കുന്ന ഈ പുതിയ ചുമതല ഉത്സാഹത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വിദഗ്ധന്‍ ബിബേക് ദെബ്രോയ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍, നിതി ആയോഗ് സിഇഒ അമിതഭ് കാന്ത് തുടങ്ങിയവരാണ് സന്‍സദ് ടിവിയിലെ മറ്റു പ്രമുഖ അവതാരകരായി എത്തുന്നത്.