ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. പുതിയ ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വ്യാഴാഴ്ചയാണ് ബജറ്റ് അവതരണം. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിവിധ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മുത്തലാഖ് ബില്‍ രാജ്യ സഭയില്‍ ഇത്തവണ പാസാക്കിയെടുക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശീതകാല സമ്മേളനത്തില്‍ ലോക്സഭയില്‍ പാസാക്കിയ ബില്ല് രാജ്യ സഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. ബില്ല് കൂടതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കഴിഞ്ഞ തവണ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തില്‍ ഇത്തവണയും പ്രതിപക്ഷം ഉറച്ചു നില്‍ക്കുമെന്നാണ് സൂചന. ജിഎസ്ടി ബില്‍ ഐകകണ്ഠ്യേന പാസാക്കിയതു പോലെ മുത്തലാഖ് ബില്ലും പാസാക്കാനാണു സര്‍ക്കാര്‍ ശ്രമം.
ഈ ബില്ല് പാസാക്കാന്‍ എല്ലാ പാര്‍ട്ടികളുടേയും പിന്തുണ ഉറപ്പാക്കുമെന്ന് ഞായറാഴ്ച നടന്ന യോഗത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ ഭരണപക്ഷത്തുള്ള ടിഡിപി, ശിവസേന തുടങ്ങിയ കക്ഷികളും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ഈ നിലപാട് ഇവരും മാറ്റിയിട്ടില്ല. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പാര്‍ലമെന്റ് തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.