ലഖ്‌നൗ-അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി രാമജന്മഭൂമി തീര്‍ഥ് ട്രസ്റ്റ് അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നത്. 2023 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മൂന്നുനിലകളിലായാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നാല്‍പ്പതടി ആഴത്തില്‍ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോണ്‍ക്രീറ്റ് ഇട്ടതെന്നും എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത പറഞ്ഞു.
അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.