ന്യൂദല്‍ഹി- മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവും സിപിഐ അംഗവുമായ കനയ്യ കുമാര്‍ വൈകാതെ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പ്രവേശനത്തിനുള്ള മുന്നൊരുക്കമായാണ് ചൊവ്വാഴ്ച നടന്ന ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. ഗുജറാത്ത് എംഎല്‍എയും പൗരാവകാശ പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് വരാനുള്ള ശ്രമത്തിലാണെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി യുവ നേതാക്കളെ നഷ്ടമായ കോണ്‍ഗ്രസിന് ഇവരുടെ വരവ് ബിഹാറിലും ഗുജറാത്തിലും പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മേവാനിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മേവാനിയുടെ ജയം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പങ്കുവഹിച്ചിരുന്നു.
സിപിഐയില്‍ കനയ്യ വീര്‍പ്പുമുട്ടി കഴിയുകയാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. കനയ്യ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഊഹാപോഹങ്ങള്‍ മാത്രമെ കേട്ടിട്ടുള്ളൂവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
കനയ്യയുടേയും ജിഗ്നേഷിന്റെയും വരവ് കോണ്‍ഗ്രസ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ കരുത്തരായ യുവനേതാക്കളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, സുസ്മിത ദേവ്, പ്രിയങ്ക ചതുര്‍വേദി തുടങ്ങിവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് വലിയ തിരിച്ചടിയായിരുന്നു. ഇത് ഒരു പരിധിവരെ മറികടക്കാന്‍ പുതിയ യുവ നേതാക്കളുടെ വരവ് സഹായിച്ചേക്കും. സിപിഐക്കുള്ളില്‍ തന്നെ വിമര്‍ശനം നേരിട്ടിട്ടുള്ള കനയ്യ കോണ്‍ഗ്രസിനും ഭാരമാകുമെന്നും കരുതുന്നവരുണ്ട്. എന്നാല്‍ യുപി തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗപ്പെടുത്താവുന്ന നേതാവായും കനയ്യയെ കാണുന്നുണ്ട്. പ്രത്യേകിച്ച് പൂര്‍വാഞ്ചല്‍ മേഖലയില്‍ കനയ്യ പ്രചാരണം നടത്തിയാല്‍ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എസ് പിയും ബിഎസ്പിയും കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.